കാക്കനാട് സ്വദേശിക്ക് കോളറ സ്ഥിരീകരിച്ചു, സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസാണിത്
ഈ വര്‍ഷം ഒരാള്‍ മരണപ്പെട്ടിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോളറ ബാധിച്ച് ഏപ്രില്‍ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരന്‍ മരണപ്പെട്ടിരുന്നു. പനി, ഛര്‍ദി തുടങ്ങിയ പ്രയാസങ്ങളോടെയായിരുന്നു മുട്ടട സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഈ വര്‍ഷത്തെ ഒന്നാമത്തെ കോളറ കേസായിരുന്നു ഇത്.
കഴിഞ്ഞ മെയ് 14ന് ആലപ്പുഴ തലവടി സ്വദേശിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ശക്തമായ വയറിളക്കവും ശര്‍ദിയുമുണ്ടായതിനെ തുടര്‍ന്ന് തലവടി സ്വദേശിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങളുള്ളതായി തിരിച്ചറിഞ്ഞത്. ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ കേസായിരുന്നു ഇത്.