ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി വീണ്ടും രേഖപ്പെടുത്തും
യുവാവിന്റെ മരണ മൊഴിയെന്ന പേരില്‍ വീഡിയോ പുറത്തുവന്നിരുന്നു
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ മരണ മൊഴിയെന്ന പേരില്‍ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഒസിഡി രോഗത്തിന് യുവാവ് ചികില്‍സ തേടിയ രണ്ടു ഡോക്ടര്‍മാരുടെ മൊഴി തിരുവനന്തപുരം തമ്പാനുര്‍ പോലിസ് രേഖപ്പെടുത്തി.
കോട്ടയം എലിക്കുളം സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളിധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോ പുറത്തു വന്നിരുന്നു. എല്ലാവരും കണ്ണന്‍ ചേട്ടന്‍ എന്നാണ് ഇയാളെ വിളിക്കുന്നത്. തനിക്ക് മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വന്നു. തനിക്ക് ഒസിഡി വരാനുള്ള കാരണം ചെറുപ്പം മുതല്‍ നേരിടേണ്ടി വന്ന ലൈംഗിക പീഡനമാണെന്നും ആര്‍എസ്എസുകാരുമായി ഇടപെഴകരുതെന്നും അവര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
താന്‍ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്ങാണെന്നും നിതീഷ് മുരളീധരന്‍ ഇപ്പോള്‍ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്ത ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നു. പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വ്യക്തമാക്കുന്നു. നിധീഷ് മുരളീധരന്റെ സ്ഥാപനം രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടും അപ്രത്യക്ഷമായി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.
കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. വിഷയം ഉയര്‍ത്തി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഇന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
