സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തില്ല; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാര്‍ തിരിച്ചെടുത്തു തുടങ്ങി

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും തിരിച്ചെടുത്തത്

Update: 2025-10-21 16:53 GMT

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാര്‍ തിരിച്ചെടുത്തു തുടങ്ങി. വന്‍ തുക കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളുമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചെടുത്തത്.

ഇന്ന് രാത്രി ചേരുന്ന വിതരണക്കാരുടെ യോഗത്തില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ അന്തിമ തീരുമാനമുണ്ടാവും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് നാലു കോടിയിലധികം രൂപ വിലമതിക്കും. നാളെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കല്‍ നടപടി തുടരാനാണ് സാധ്യത.

18 മാസത്തെ കുടിശ്ശികയില്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയാണ് ഇതോടെ പ്രതിസന്ധിയിലായത്. പത്തു ദിവസത്തിനുള്ളില്‍ കുടിശ്ശിക തീര്‍ക്കുമെന്ന ഡിഎംഇയുടെ ഉറപ്പ് പാഴായി. സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയില്‍ നേരത്തെ സ്റ്റെന്റ് വിതരണം നിര്‍ത്തിവെച്ച കമ്പനികള്‍ക്ക് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ 19 കോടി നല്‍കിയതോടെയാണ് ആരോഗ്യ വകുപ്പിന് ആശ്വാസമായത്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. പണം കുറച്ചെങ്കിലും നല്‍കിയില്ലെങ്കില്‍ ഉപകരണം തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ മാസം വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജിന് എട്ടുകോടി രൂപയും വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. അന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിരുന്നു.

സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 18 മാസത്തെ കുടിശികയായ 158 കോടി രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്റ്റോക്ക് വിതരണം നിര്‍ത്തിവച്ചിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായിരുന്നു.

Tags: