ജനവിധി 2026: 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി
അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 78.27 ശതമാനം പേര്‍ വിധിയെഴുതി. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. ഉയര്‍ന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മുന്നണികളുടെ അവകാശവാദം. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2021ല്‍ ഇത് 75.75 ശതമാനമായിരുന്നു പോളിങ്. 1987 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് 16ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയര്‍ന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്. ഫലമറിയാന്‍ ഇനി 24നാള്‍ കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍.
പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നല്‍കുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരും. 80 സീറ്റിനു മുകളില്‍ നേടി ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കള്‍ പങ്കുവെക്കുന്ന പ്രതീക്ഷ.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു പോളിങ് ആരംഭിച്ചത്. കടുത്ത ചൂടിനെ മറികടന്ന് ജനം പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. പ്രമുഖ നേതാക്കന്മാരെല്ലാം രാവിലെത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. ഇത്തവണത്തെ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തുടരുന്ന തരത്തിലുള്ള ജനവിധിയായിരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.
അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സര്‍വീസ് വോട്ടുകള്‍, പോസ്റ്റല്‍ വോട്ടുകള്‍, എന്നിവയുടെ കണക്കു കൂടി ചേര്‍ക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തില്‍ ചെറിയ വര്‍ധന വന്നേക്കാം. അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയില്‍ 89.87 ശതമാനമാണ് പോളിങ്, അസമില്‍ 85.65% വോട്ടര്‍മാരാണ് വിധിയെഴുതിയത്.
