നെല്ല് സംഭരണത്തിലെ പ്രതിസന്ധി; സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ധാരണ
സാമ്പത്തിക ബാധ്യത പരിഹരിക്കാമെന്ന് മില്ല് ഉടമകള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ സര്‍ക്കാരും മില്ലുടമകളും തമ്മില്‍ ധാരണയായി. മില്ല് ഉടമകള്‍ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാമെന്ന് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. നെല്ല് സംസ്‌ക്കരണ മില്ലുടമകള്‍ക്ക് 2022-23 സംഭരണ വര്‍ഷം ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള നഷ്ടപരിഹാര തുക അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി തല ചര്‍ച്ച നേരത്തെ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരുമായി മില്ല് ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് തീരുമാനമായതോടെ നാളെ മുതല്‍ നെല്ല് സംഭരണം തുടങ്ങിയേക്കും. 2022-2023 വര്‍ഷങ്ങളില്‍ മില്ല് ഉടമകള്‍ക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഇടപെട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേണ്‍ റേഷ്യോയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നെല്ല് സംഭരിക്കാന്‍ പ്രയാസം അനുഭവിക്കുകയാണ്. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതില്‍ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2025-26 സംഭരണവര്‍ഷം മുതല്‍ ഔട്ട് ടേണ്‍ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളും.
നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ണമായും മില്ലുടമകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 100 ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 ക്വിന്റല്‍ അരി നല്‍കണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. 66.5 ക്വിന്റല്‍ അരിയാക്കി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം മില്ലുടമകള്‍ അംഗീകരിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം കേന്ദ്രസര്‍ക്കാരുമായി സംസാരിച്ച് പരിഹരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

