ആശാവര്‍ക്കര്‍മാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച്; അറസ്റ്റു ചെയ്ത 19 പേരെ വിട്ടയച്ചു
ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍
തിരുവനന്തപുരം: ക്ലിഫ് ഹൗസിനു മുന്നിലെ ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധത്തില്‍ അറസ്റ്റു ചെയ്ത 19 പേരെ വിട്ടയച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് മ്യൂസിയം പോലിസ് ഇവരെ അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ ആശാവര്‍ക്കേഴ്സ് നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. പോലിസിന്റെ ബലപ്രയോഗത്തില്‍ പരിക്കേറ്റെന്ന് ആശാ പ്രവര്‍ത്തകര്‍ ആരോപിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന്റെ 256ാം ദിവസമാണ് ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധമാര്‍ച്ച്. ബാരിക്കേഡു വച്ച് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. പ്രതിഷേധം അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലിസെത്തി മൈക്കും ജനറേറ്ററും പിടിച്ചെടുത്തത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പോലിസിനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു.