മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Update: 2025-10-24 09:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയുടെ ശക്തി കുറയാന്‍ സാധ്യത. സംസ്ഥാനത്ത് ഇന്നു നല്‍കിയ മഴമുന്നറിയിപ്പില്‍ മാറ്റം. അഞ്ചു ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ട് രണ്ടു ജില്ലകളാക്കി കുറച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. അതേസമയം, കേരള തീരത്ത് മീന്‍ പിടുത്തത്തിന് വിലക്ക് തുടരും.

നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മഴ കുറയാനാണ് സാധ്യത. എന്നാല്‍, ഞായറാഴ്ചയോടെ മഴ രൂക്ഷമാകാനാണ് സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട പുതിയ ന്യൂന മര്‍ദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്.