ഹൃദയ ശസ്ത്രക്രിയ ഉപകരണ കുടിശ്ശിക; സ്റ്റോക്ക് തിരിച്ചെടുക്കുന്നതില്‍ പിന്നോട്ടില്ല
നിലപാട് കടുപ്പിക്കാന്‍ വിതരണക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്ന നടപടി കടുപ്പിക്കാനൊരുങ്ങി വിതരണക്കാര്‍. വന്‍ തുക കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചെടുത്തിരുന്നു. ഇന്നലെ രാത്രി ചേര്‍ന്ന വിതരണക്കാരുടെ യോഗത്തിലാണ് സ്റ്റോക്ക് തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനം. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് നാലു കോടിയിലധികം രൂപ വിലമതിക്കും. ഇന്നും ഉപകരണങ്ങള്‍ തിരിച്ചെടുക്കല്‍ നടപടി തുടരാനാണ് സാധ്യത.
സ്റ്റോക്ക് തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിതരണക്കാരുടെ തീരുമാനം. നിയമവഴികള്‍ അടക്കം പരിശോധിക്കാന്‍ വിതരണക്കാരുടെ യോഗം തീരുമാനിച്ചു. കുടിശ്ശിക തീര്‍ക്കുന്നതില്‍ ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിച്ചില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ കുടിശ്ശിക തീര്‍ക്കാന്‍ കൂടുതല്‍ സമയം തേടിയിരുന്നു. സ്റ്റോക്ക് തിരിച്ചെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അനുവദിച്ചിരുന്നിരുന്നില്ല.
കുടിശ്ശിക ഉടന്‍ തീര്‍ക്കാമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ വൈകീട്ടി ചേര്‍ന്ന യോഗത്തിലാണ് സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള വഴികള്‍ തേടാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. 158 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാര്‍ക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശ്ശികയായി നല്‍കാനുണ്ടായിരുന്നത്. ആവര്‍ത്തിച്ച് മുന്നറിപ്പുകള്‍ നല്‍കിയിട്ടും സമയപരിധി നീട്ടി നല്‍കിയിട്ടും ഇതില്‍ 30 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കാന്‍ തയാറായത്. അതേസമയം, ഉപകരണ കുടിശ്ശിക തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതില്‍ 100 കോടി രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും പരിഹാരമാവു.
18 മാസത്തെ കുടിശ്ശികയില്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയാണ് ഇതോടെ പ്രതിസന്ധിയിലായിരുന്നു. സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയില്‍ നേരത്തെ സ്റ്റെന്റ് വിതരണം നിര്‍ത്തിവെച്ച കമ്പനികള്‍ക്ക് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ 19 കോടി നല്‍കിയതോടെയാണ് ആരോഗ്യ വകുപ്പിന് ആശ്വാസമായത്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. പണം കുറച്ചെങ്കിലും നല്‍കിയില്ലെങ്കില്‍ ഉപകരണം തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ മാസം വിതരണക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജിന് എട്ടുകോടി രൂപയും വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. അന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 18 മാസത്തെ കുടിശികയായ 158 കോടി രൂപ നിരന്തരം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്റ്റോക്ക് വിതരണം നിര്‍ത്തിവച്ചിരുന്നു. ഇതിനുപിന്നാലെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലായിരുന്നു.

