അമീബിക് മസ്തിഷ്‌ക ജ്വരം; മുപ്പതിലേറേ പേര്‍ ചികില്‍സയില്‍
ഈ മാസം ഇതുവരെ നാലുമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിച്ച് മുപ്പതിലേറേ പേര്‍ ചികില്‍സയില്‍. കൂടുതല്‍ രോഗികളും തെക്കന്‍ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 108 പേര്‍ക്കാണ് ഈ വര്‍ഷം രോഗബാധ റിപോര്‍ട്ട് ചെയ്തത്. 24 മരണവും റിപോര്‍ട്ട് ചെയ്തു. ഒന്നരമാസത്തിനിടെ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒന്നരമാസത്തിനിടെ പതിനഞ്ച് മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഈ മാസം ഇതുവരെ നാലുമരണം റിപോര്‍ട്ട് ചെയ്തു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നത് ആശങ്കയാണ്.
ഇന്നലെ കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കടയ്ക്കല്‍ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതുകൂടാതെ രണ്ട് കുട്ടികള്‍ക്ക് കൂടി ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും കാസര്‍കോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ഇന്നലെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48 കാരി മരണപ്പെട്ടിരുന്നു. ഇവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ മാസത്തെ നാലാമത്തെ മരണമാണ്. നാലു ദിവസത്തിനിടെ തെക്കന്‍ കേരളത്തില്‍ രോഗം ബാധിച്ച് രണ്ട് മരണം.
