കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പു ചോദിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്
കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി മഹാബലിപുരത്തെ റിസോര്‍ട്ടിലെ കൂടിക്കാഴ്ചയില്‍ വിജയ് പറഞ്ഞു
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മാപ്പു ചോദിച്ച് തമിഴക വെട്രി കഴകം അദ്ധ്യക്ഷന്‍ വിജയ്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരെ മഹാബലിപുരത്തെ റിസോര്‍ട്ടിലെത്തിച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് വിജയ് മാപ്പപേക്ഷിച്ചത്. കരൂരിലെത്തി സന്ദര്‍ശിക്കാത്തതിലും വിജയ് ക്ഷമ ചോദിച്ചു. കരൂരില്‍ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്ന് വിജയ് പറഞ്ഞു.
ദുരന്തംനടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇരകളുടെ കുടുംബങ്ങളെ കണ്ടത്. സെപ്തംബര്‍ 27നായിരുന്നു ദുരന്തം. ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നേരിട്ട് അനുശോചനം അറിയിക്കുന്നതിനും പിന്തുണ വാഗ്ദാനം ചെയ്യുന്നതിനുമായാണ് ടിവികെ വിജയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. കരൂരില്‍ നിന്നും 37 കുടുംബങ്ങളെയാണ് ബസില്‍ മഹാബലിപുരത്തേക്ക് കൊണ്ടുവന്നത്. 200ലേറെപ്പേര്‍ എത്തിയെന്നാണ് വിവരം. നേരത്തെ ഈ ഹോട്ടലില്‍ വേണ്ട ക്രമീകരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. പാര്‍ട്ടി ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോര്‍ട്ടില്‍ വെച്ച് വിജയ് ഓരോ കുടുംബാംഗങ്ങളെയും മുറികളില്‍ നേരിട്ടെത്തി കണ്ടു. ദുരന്തബാധിതരുടെ ചികില്‍സാ ചെലവുകള്‍, വിദ്യാഭ്യാസ ചെലവുകള്‍ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്ചയില്‍ അറിയിച്ചു. വിജയ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6:30 വരെ വിജയ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, ദുരന്തബാധിതരെ ഹോട്ടലിലെത്തിച്ച് കണ്ടതില്‍ വിജയ്ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. ദുരന്തബാധിതരെ നേരില്‍ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാര്‍ത്ഥ നേതാവിനു ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് മറ്റു പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുമോയെന്ന ആശങ്കയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ടന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ മാസം ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. സംഭവത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം നടത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രിം കോടതി റിട്ടയേര്‍ഡ് ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
