മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ദളിത് യുവാവിനുനേരെ അതിക്രമം. മര്‍ദിച്ച് അവശനാക്കിയ ശേഷം മൂത്രം കുടിപ്പിച്ചു. ഗ്വാളിയോര്‍ ജില്ലയിലെ ദീന്‍ ദയാല്‍ നഗര്‍ പ്രദേശത്തുള്ള ഗ്യാന്‍ സിംഗ് യാദവ്(25)എന്ന യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും എന്നാല്‍ അത് നിരസിച്ചതിന് മര്‍ദിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റു ചെയ്തു. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്)പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സുര്‍പുര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എഎസ്പി സഞ്ജീവ് പഥക് പറഞ്ഞു. ഇര ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച മൂന്നുപേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോയി പിസ്റ്റള്‍, പൈപ്പ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി ഗ്യാന്‍ സിംഗ് ജാതവ് പറഞ്ഞു. ഭിന്ദിലേക്ക് കൊണ്ടുപോകുമ്പോള്‍ മൂവരും ചേര്‍ന്ന് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തന്നെ മര്‍ദിക്കുകയും മദ്യം കുടിപ്പിക്കുകയും കുപ്പിയില്‍ നിന്ന് മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും ഗ്യാന്‍ സിംഗ് പോലിസിനോട് പറഞ്ഞു. ഭിന്ദിലെത്തിയ ശേഷം അവിടെ വെച്ച് ചങ്ങല കൊണ്ട് ബന്ധിച്ച് വീണ്ടും ആക്രമിച്ചതായും ഗ്യാന്‍ സിംഗ് പറഞ്ഞു.
എന്‍സിആര്‍ബി 2023ലെ ഡാറ്റ പ്രകാരം പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ ആശങ്കയായി തുടരുകയാണ്. ഇന്ത്യയിലുടനീളം 57,789 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 8,232 എണ്ണം മധ്യപ്രദേശിലാണ്.
