ദലിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഹരിയാന ഡിജിപിയെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

Update: 2025-10-14 05:49 GMT

ചണ്ഡീഗഢ്: മേലുദ്യോഗസ്ഥരില്‍നിന്നുള്ള ജാതിവിവേചനത്തെത്തുടര്‍ന്ന് ദലിത് ഐപിഎസ് ഓഫീസര്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഡിജിപി) ശത്രുജീത് കപൂറിനെ സര്‍ക്കാര്‍ അവധിയില്‍ അയച്ചു.

പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ ഡിജിപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രധാന പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു. റോഹ്തക് പോലിസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാര്‍നിയയെ സ്ഥലംമാറ്റി ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.

ദലിത് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ ജാതിയുടെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി, കപൂറിനെയും ബിജാര്‍നിയയെയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തണമെന്ന് കുമാറിന്റെ ഭാര്യയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പി കുമാര്‍ ആവശ്യപ്പെട്ടു.

പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്തിട്ട് എട്ടാം ദിവസമായിട്ടും മൃതദേഹം ഇതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടില്ല. കേസിലെ രണ്ട് പ്രധാന പ്രതികളായ ഹരിയാന ഡിജിപി ശത്രുജീത് കപൂര്‍, മുന്‍ റോഹ്തക് പോലിസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍നിയ എന്നിവരെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം.

2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസുമായ കുമാറിനെ(52) ഒക്ടോബര്‍ ഏഴിന് ഛണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒന്‍പത് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കപൂര്‍, ബിജാര്‍നിയ, മറ്റ് നിരവധി മുതിര്‍ന്ന പോലിസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ ചണ്ഡീഗഡിലെ സെക്ടര്‍ 24ലെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കുടുംബത്തെ സന്ദര്‍ശിച്ചേക്കും. തിങ്കളാഴ്ച കുമാറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നല്‍കിയതായി അറിയിച്ചു.

Tags: