ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇടക്കാല ജാമ്യം തേടി ഷര്‍ജീല്‍ ഇമാം
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ഷര്‍ജീല്‍ ഇമാം ഇടക്കാല ജാമ്യം തേടി ഡല്‍ഹി വിചാരണ കോടതിയെ സമീപിച്ചു. ഒക്ടോബര്‍ 15 മുതല്‍ 29 വരെയാണ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടിയിരിക്കുന്നത്. കിഷന്‍ഗഡ് ജില്ലയിലെ ബഹദൂര്‍ഗഡ് മണ്ഡലത്തില്‍ സ്വതന്ത്രനായാണ് ഷര്‍ജീല്‍ ഇമാം മല്‍സരിക്കുക. മുസ്ലിംകളുടെ പൗരത്വം എടുത്തുകളയാനുള്ള നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യുഎപിഎ പ്രകാരം ജയിലില്‍ അടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് റിപോര്‍ട്ടുകളുണ്ടായിരുന്നു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെന്നും ബഹാദുര്‍ഗഞ്ച് മണ്ഡലത്തില്‍ ഒരുപാര്‍ട്ടിയുടേയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് തീരുമാനമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ജയിലിലായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. നിലവില്‍, ബഹദൂര്‍ഗഞ്ച് സീറ്റിനെ പ്രതിനിധീകരിക്കുന്നത് മുഹമ്മദ് അന്‍സാര്‍ നയീമിയാണ്, 2020ല്‍ എഐഎംഐഎം ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാഷ്ട്രീയ ജനതാദളിലേക്ക്(ആര്‍ജെഡി)മാറി.
ബിഹാറിലെ ജഹനാബാദ് ജില്ലയിലെ കാക്കോ ഗ്രാമത്തിലെ ഷര്‍ജീല്‍ ഇമാം ഡല്‍ഹി ജെഎന്‍യുവിലെ പിഎച്ഡി വിദ്യാര്‍ഥിയായിരിക്കെ സിഎഎ-എന്‍ആര്‍സി സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഡല്‍ഹി കലാപത്തിന് ആസൂത്രണം നടത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി 2020 മുതല്‍ തിഹാര്‍ ജയിലിലാണ്. ചില കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഇപ്പോഴും തിഹാര്‍ ജയിലിലാണ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ ആറിനും 11 നുമായി രണ്ടുഘട്ടങ്ങളിലായാണ് നടക്കുന്നത്. 14ന് ഫലം പ്രഖ്യാപിക്കും. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 29 വരെയാണ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടിയിരിക്കുന്നത്.

