'പ്രതിപക്ഷനേതാവാകാനുള്ള പക്വത രാഹുല്‍ ഗാന്ധിക്കില്ല'; വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു

പ്രിയങ്ക ഗാന്ധി പ്രതിപക്ഷനേതാവ് എന്ന റോളിന് അനുയോജ്യയായിരിക്കുമെന്നും റിജിജു അഭിപ്രായപ്പെട്ടു

Update: 2026-03-26 11:48 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പെരുമാറ്റത്തിലും രൂപത്തിലും മര്യാദ പുലര്‍ത്തണമെന്നും ടീ-ഷര്‍ട്ടുകള്‍ ഉചിതമായി തോന്നുന്നില്ലെന്നും രാഹുല്‍ ഗാന്ധിയെ ബന്ധപ്പെടുത്തി കിരണ്‍ റിജിജു പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിജിജുവിന്റെ വിമര്‍ശനം.

പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തിന് രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും പ്രിയങ്ക ഗാന്ധി ആ സ്ഥാനത്തേക്ക് അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പായിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'രാഹുല്‍ ഗാന്ധി പക്വതയുള്ളവനല്ല. എല്‍ഒപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി മികച്ച തിരഞ്ഞെടുപ്പാകുമായിരുന്നു. അദ്ദേഹം നിയമങ്ങളും മര്യാദകളും പാലിക്കുന്നില്ല. പ്രതിപക്ഷ നേതാവാകുമ്പോള്‍ ഒരു നിശ്ചിത രീതിയില്‍ പെരുമാറണം. മാന്യമായ വസ്ത്രധാരണവും ഒരുപക്ഷേ അതിന്റെ ഭാഗമാണ്.' എന്ന് റിജിജു കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസ്, ഒരു കുടുംബം നയിക്കുന്ന പാര്‍ട്ടിയാണ്, കുടുംബത്തിന് പുറത്തുനിന്ന് ആരും രാഹുല്‍ ഗാന്ധിയെ മാറ്റിസ്ഥാപിക്കില്ല. പ്രിയങ്ക ഗാന്ധി സഭയില്‍ ഇരുന്ന് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്, എന്നാല്‍ രാഹുല്‍ ഗാന്ധി ഒരിക്കലും ശ്രദ്ധിക്കാറില്ല' എന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. 'പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് ആവശ്യമായ ഗൗരവം അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കാണുന്നില്ല. വസ്ത്രധാരണം കൂടുതല്‍ ശുദ്ധമായിരിക്കാമായിരുന്നു. എന്നിരുന്നാലും ആരെങ്കിലും എന്ത് ധരിക്കുന്നു എന്നതില്‍ എനിക്ക് പ്രശ്നമില്ല' എന്നും റിജിജു പറഞ്ഞു.

Tags: