നിതീഷ്‌കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
സമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രി ആയേക്കും
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. മാര്‍ച്ച് 17ന് രാജ്യസഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മാര്‍ച്ച് 30ന് നിതീഷ്‌കുമാര്‍ ബിഹാര്‍ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി പദം നിതീഷ് കുമാര്‍ വൈകാതെ രാജിവയ്ക്കും. അന്നുതന്നെ ചേരുന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആയേക്കുമെന്നാണ് വിവരം. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായനാണ് നിതീഷ് കുമാര്‍. പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലുമാസത്തിന് ശേഷമാണ് നിതീഷ് കുമാറിന്റെ രാജി. 2005ലാണ് അദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.
നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ലെന്നും എന്നാല്‍ സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് പ്രതിപക്ഷനേതാവും ആര്‍ജെഡി വര്‍ക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ് ആരോപിച്ചത്. ജെഡിയുവിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും ആര്‍ജെഡി നേതാവ് ആരോപിച്ചു.