ലഖിംപൂര്‍ഖേരി(യുപി): ഉത്തരേന്ത്യയില്‍ സ്ഥലപ്പേര് മാറ്റുന്നത് തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍. മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീര്‍ധാം എന്നാക്കണമെന്നാണ് യോഗിയുടെ നിര്‍ദേശം. തന്റെ സന്ദര്‍ശനത്തിനിടെ, ഇവിടെ മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള ആളുകളില്ലെന്ന് അറിഞ്ഞെന്നും അതിനാലാണ് പേരു മാറ്റണമെന്ന് നിര്‍ദേശിക്കുന്നതെന്നും യോഗി പറയുന്നു. 'ഇവിടുത്തെ ആളുകളില്‍നിന്ന് മുസ്തഫാബാദ് എന്നാണ് ഗ്രാമത്തിന്റെ പേരെന്ന് അറിയാനായി. മുസ്‌ലിം വിഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആരുമില്ലെന്ന് അറിയാന്‍ കഴിഞ്ഞു. അതിനാല്‍ കബീര്‍ധാമെന്ന് പേരു മാറ്റേണ്ടതാണെന്ന് ഞാന്‍ കരുതുന്നു'-യോഗി പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ സാംസ്‌കാരിക സ്വത്വം ഇല്ലാതാക്കിയെന്ന് യോഗി ആരോപിച്ചു. 'അവര്‍ അയോധ്യയെ ഫൈസാബാദും, പ്രയാഗ്രാജിനെ അലഹബാദും, കബീര്‍ധാമിനെ മുസ്തഫാബാദുമാക്കി. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍, ഈ സ്ഥലങ്ങളുടെ യഥാര്‍ഥ സ്വത്വം പുനസ്ഥാപിച്ചു'-യോഗി പറഞ്ഞു. മുസ്തഫാബാദില്‍ സ്മൃതി പ്രകാശ്യോല്‍സവ് മേളയിലാണ് യോഗിയുടെ പരാമര്‍ശം. പ്രശസ്ത ഹിന്ദി കവി കബീര്‍ദാസുമായുള്ള ഗ്രാമത്തിന്റെ ചരിത്രപരമായ ബന്ധമാണ് നിര്‍ദേശത്തിനു പിന്നിലെന്നാണ് ബിജെപി പറയുന്നത്.