ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപോര്‍ട്ട്

സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Update: 2026-01-10 15:54 GMT

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍രീതിയില്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് റിപോര്‍ട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതയാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സ് പറയുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷന്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവ അടക്കമാണ് ചോര്‍ന്നത്. വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പ്പനയ്ക്കത്തിയെന്നാണ് വിവരം.

ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാല്‍വെയര്‍ബൈറ്റ്‌സ് ചോര്‍ച്ച കണ്ടെത്തിയത്. ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകള്‍, പൂര്‍ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് മാല്‍വെയര്‍ബൈറ്റ്സ് പറയുന്നു. ചോര്‍ന്ന വിവരങ്ങള്‍ ആള്‍മാറാട്ട തട്ടിപ്പ്, ക്രെഡന്‍ഷ്യല്‍ മോഷണം എന്നിവയ്ക്കായി തട്ടിപ്പുകാര്‍ ഉപയോഗിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായി മെറ്റ ചോര്‍ച്ച സ്ഥിരീകരിച്ചിട്ടില്ല. ഇന്‍സ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും മാല്‍വെയര്‍ബൈറ്റ്സ് കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള സുരക്ഷാ മെയിലുകള്‍ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.