കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി ടിവികെ
20 ലക്ഷം രൂപ വീതമാണ് നല്‍കിയത്
ചെന്നൈ: കരൂരില്‍ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്. 39 പേരുടെ കുടുംബത്തിന് പണം നല്‍കിയെന്ന് ടിവികെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദുരന്തത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും നല്‍കി. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി ഈ വര്‍ഷം ദീപാവലി ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഇന്നലെ ജില്ലാ സെക്രട്ടറിമാരോടും അണികളോടും നിര്‍ദേശിച്ചിരുന്നു.
സംഭവം നടന്ന് ഇത്ര ദിവസമായിട്ടും ദുരന്ത ബാധിതരുടെ കുടുംബങ്ങളെ വിജയ് സന്ദര്‍ശിക്കാത്തതില്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പണം കൈമാറിയത്. കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവുമാണ് നേരത്തെ ടിവികെ പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. എല്ലാ മാസവും ധനസഹായവും കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ ഏറ്റെടുക്കുമെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചത്. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ നേരത്തെ വിജയ് വീഡിയോ കോളില്‍ വിളിച്ചിരുന്നു. ഇന്നലെ വിജയ് കരൂര്‍ സന്ദര്‍ശിക്കുമെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിജയുടെ ഇന്നലത്തെ സന്ദര്‍ശനം മാറ്റിയത്.
തെലുങ്ക് വെട്രി കഴകം നേതാവ് വിജയ്യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് കരൂരില്‍ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് കൂടുതല്‍ പേര്‍ തിങ്ങിനിറഞ്ഞതും വിജയ് പരിപാടിക്ക് ആറ് മണിക്കൂര്‍ വൈകി വന്നതുമെല്ലാം ദുരന്തത്തിന് കാരണമായി. എന്നാല്‍ സംഭവം നടന്ന ഉടന്‍ വിജയ് ചെന്നൈയിലേക്ക് പോയത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് പാര്‍ട്ടി റാലി ഉള്‍പ്പെടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. കരൂര്‍ ദുരന്തത്തില്‍ സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ ടിവികെ സ്വാഗതം ചെയ്തിരുന്നു.

