വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ഇന്‍ഡിഗോയ്ക്ക് 22 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. യാത്രികര്‍ക്കുണ്ടായ വ്യാപകമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. പിഴ കൂടാതെ ഇന്‍ഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരേയുള്ള കാലയളവില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാന്‍ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഇന്‍ഡിഗോയുടെ 2,507 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 1,852 സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇതോടെ വിവിധ വിമാനത്താവളങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടന്നുവെന്നും ഡിജിസിഎയുടെ റിപോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്.
സമിതി വിശദമായ അന്വേഷണം നടത്തുകയും ഇന്‍ഡിഗോ ഉപയോഗിക്കുന്ന നെറ്റ്വര്‍ക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്‌റ്റ്വെയര്‍ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷന്‍, മതിയായ തയ്യാറെടുപ്പ് ഇല്ലായ്മ, സിസ്റ്റം സോഫ്‌റ്റ്വെയര്‍ സപോര്‍ട്ടിലെ കുറവുകള്‍, മാനേജ്‌മെന്റ് ഘടനയിലേയും പ്രവര്‍ത്തനപരമായ നിയന്ത്രണത്തിലേയും പോരായ്മകള്‍ എന്നിവയാണ് തടസത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.