പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ചില്ലറ വില്‍പനയില്‍ വില കുറയില്ല, പെട്രോളിന് ലിറ്ററിന് 13ല്‍ നിന്ന് മൂന്നുരൂപയായും, ഡീസലിന് ലീറ്ററിന് പത്തില്‍ നിന്ന് പൂജ്യമായും തീരുവ കുറച്ചു

Update: 2026-03-27 04:24 GMT

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13ല്‍ നിന്ന് മൂന്നു രൂപയായും, ഡീസലിന് ലീറ്ററിന് പത്തില്‍ നിന്ന് പൂജ്യമായും തീരുവ കുറച്ചു. ഇതോടെ ഡീസലിന് നികുതി ഇല്ല. എന്നാല്‍, ചില്ലറ വില്‍പനയില്‍ വില കുറയാന്‍ സാധ്യതയില്ല. പശ്ചിമേഷ്യന്‍ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമാണ് നടപടി.

കൂടുതല്‍ സ്വകാര്യ എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അധിക എക്‌സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി. കഴിഞ്ഞ ദിവസമാണ് നയാര കമ്പനി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. മറ്റ് കമ്പനികള്‍ ഇന്ധന വില കൂട്ടിയിട്ടില്ല. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ തെഹ്റാന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും മൂലം ഉണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.