ന്യൂഡല്‍ഹിയില്‍ എംപിമാരുടെ ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടിക്കാന്‍ കാരണം പടക്കങ്ങളാണെന്ന് സ്ഥിരീകരണം. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടത്തിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ഫ്‌ലാറ്റില്‍ സ്പ്രിങ്‌ളറുകള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെയാണ് ബിഡി മാര്‍ഗിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുതാഴെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോഴാണ് ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളിലേക്ക് തീ പടര്‍ന്നത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല. ഉച്ചക്ക് ഒരു മണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് തീപിടിച്ചത്. ബേസ്‌മെന്റില്‍ കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകള്‍ക്ക് ആദ്യം തീ പിടിക്കുകയായിരുന്നു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടുനിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ട് നിലകളില്‍ കാര്യമായ നാശനഷ്ടമുണ്ടായി.
രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫ്‌ലാറ്റുകളില്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനമില്ലാത്തതിനാല്‍ എംപിമാരോ ഇവരുടെ സ്റ്റാഫ് അംഗങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല.