അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം, കേടുപാടുകള്‍ സംഭവിച്ചു

ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

Update: 2025-10-23 05:08 GMT

ദിസ്പൂര്‍: അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. കൊക്രജാര്‍, സലാകതി സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

കൊക്രഝര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററിനപ്പുറത്താണ് സ്‌ഫോടനം നടന്നത്. പൊട്ടിയത് ഐഇഡി എന്നാണ് സംശയം. ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്നു. റെയില്‍വേ പോലിസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: