ആര്‍എസ്എസ് വേഷത്തില്‍ ചോരപ്പാടുകളുള്ള ഷര്‍ട്ട് ധരിച്ച വിജയ്‌യുടെ പോസ്റ്റുമായി ഡിഎംകെ

Update: 2025-10-18 09:52 GMT

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ. ആര്‍എസ്എസ് വേഷം ധരിച്ച് ചോര പുരണ്ട കൈപ്പത്തി അടയാളങ്ങളുമായി ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് പിന്തിരിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഡിഎംകെ ഐടി സെല്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങളായിട്ടും വിജയ് കരൂരില്‍ സന്ദര്‍ശനം നടത്തിയില്ലെന്ന ആരോപണവുമായാണ് ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.

ദുരന്തം നടന്ന് 20 ദിവസം കഴിഞ്ഞുവെന്നും ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി പബ്ലിസിറ്റി ഉണ്ടാക്കാനായി ഒരു രാഷ്ട്രീയകക്ഷി നടത്തിയ സ്വാര്‍ഥശ്രമങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.

വിജയ്യെ കാണാനെത്തിയ നിരപരാധികളായ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അവരുടെ കുടുംബങ്ങളെ നേരിട്ടുകാണാനോ അനുശോചനം രേഖപ്പെടുത്താനോ അവര്‍ക്ക് ആശ്വാസധനം നല്‍കാനോ തയ്യാറായിട്ടില്ലെന്നും വഞ്ചനാപരമായ മൗനം ജീവന്‍ നഷ്ടപ്പട്ടവരുടെ കുടുംബങ്ങളെ അവഹേളിക്കുന്ന പ്രവൃത്തിയാണെന്നും കുറിപ്പില്‍ പറയുന്നു. ഈ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വത്തിന് ഇടമില്ലേ എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

Tags: