ചുമ കഫ് സിറപ്പ് കുടിച്ചു; മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണം 20 ആയി
ഒമ്പത് കുട്ടികള്‍ വെന്റിലേറ്ററില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് ചികില്‍സയിലായിരുന്ന രണ്ട് കുട്ടികള്‍കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ 20 ആയി. ഒമ്പത് കുട്ടികളാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത്. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വൃക്ക തകരാറിലായതാണ് മരണകാരണം. കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികില്‍സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ചുമ മരുന്ന് സിറപ്പുകള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുന്നു.
അതേസമയം, കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. പരേഷ്യയിലെ ശിശുരോഗ വിദഗ്ദ്ധനായ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ പ്രവീണ്‍ സ്വകാര്യ ക്ളിനിക് നടത്തിവരികയാണ് സംഭവം.
പഞ്ചാബിലും കോള്‍ഡ്രിഫ് കഫ് സിറപ്പിന് നിരോധനം ഏര്‍പ്പെടുത്തി. ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്. ഗുജറാത്തിലെ റെഡ്‌നെക്‌സ് കമ്പനിയുടെ 'റെസ്പി ഫ്രഷ് ' മരുന്നിന്റെ വില്‍പ്പനക്ക് വിലക്കേര്‍പ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികള്‍ മരിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വീട് ഇടിച്ചു നിരത്തുന്നവര്‍ ഈ കുറ്റത്തിന് ആരോഗ്യമന്ത്രിയുടെ വീട് ഇടിച്ച് നിരത്തണമെന്നാണ് ഉമാങ് സിംഗര്‍ പറയുന്നത്.
