ന്യൂഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം പത്ത് കിലോ കുറയ്ക്കുമെന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ തള്ളി കേന്ദ്രം. തൂക്കം കുറയ്ക്കുന്ന റിപോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കിംവദന്തികളില്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ 50% വാണിജ്യ LPG യും സംസ്ഥാന സര്‍ക്കാരുകളുടെ കൈവശം ഉണ്ടെന്നും സ്റ്റോക്ക് തീരുന്ന അവസ്ഥയില്ലെന്നും സുജാത ശര്‍മ വ്യക്തമാക്കി. പൊതുമേഖലാ ഹോട്ടലുകളെയും കാന്റീനുകളേയും വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുത്. രണ്ട് എല്‍പിജി ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടക്കുന്നു. രണ്ട് ടാങ്കറുകളിലായി 92,000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ട്. ഹോര്‍മുസ് കടക്കുന്ന നടപടി ആരംഭിച്ചു. കൂടുതല്‍ കാര്യങ്ങള്‍ നാളെ വിശദീകരിക്കുമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.