ഇരട്ട പൗരത്വ ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുക്കുന്നത് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ പരിശോധന ആവശ്യമാണെന്ന സ്വന്തം ഉത്തരവ് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുന്‍പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടത് നിയമപരമായ അത്യാവശ്യമാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതായി വെള്ളിയാഴ്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് നിലപാട് മാറ്റി. സമാനമായ മറ്റ് കേസുകളില്‍ പ്രതിക്ക് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മുന്‍കാല കോടതി വിധി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. രാഹുലിന്റെ വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിരന്‍ നല്‍കിയ ഇരട്ടപൗരത്വ പരാതിയില്‍ യുപി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം തള്ളിയ ലഖ്നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തതായിരുന്നു ഹരജി. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം കൈവശം വച്ചിട്ടുണ്ടെന്ന് ശിശിര്‍ ആരോപിച്ചു, ഇത് ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമാണ്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി അന്ന് അപേക്ഷ നിരസിച്ചത്.

