വീട്ടുകാര്‍ വിനോദ യാത്രക്കിറങ്ങി;വീട് തകര്‍ത്ത് 33 പവനും പണവും കവര്‍ന്നു

Update: 2022-03-23 05:06 GMT

പെരിന്തല്‍മണ്ണ :പെരിന്തല്‍മണ്ണയില്‍ വീട് കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു.പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു മോഷണം നടന്നത്.ചുമരിലെ അലമാരയില്‍ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്.പോലിസ് അന്വേഷണമാരംഭിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്‌റഫും ഭാര്യയും മുതിര്‍ന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്.തിങ്കളാഴ്ച രാത്രി 11 ന് തിരിച്ചെത്തുകയും ചെയ്തു.വീടിന്റെ മുന്‍വശത്തെ രണ്ടുപാളി വാതിലിന്റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയില്‍ ചുമരിലെ അലമാരയിലായിരുന്നു ആഭരണങ്ങള്‍. ഇത് കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്.35 പവനാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

മോഷ്ടാവ് വസ്ത്രങ്ങള്‍ വാരിവലിച്ചിടുന്നതിനിടയില്‍ അലമാരക്ക് ഇടയിലേക്ക് വീണ ഓരോ പവനുള്ള രണ്ടു കോയിനുകള്‍ പോലിസ് കണ്ടെടുത്തു.നഷ്ടപ്പെട്ടതില്‍ 15 പവന്‍ മൂന്നാഴ്ചയോളം മുമ്പ് പുതുതായി വാങ്ങിയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി വീട്ടില്‍ സൂക്ഷിക്കുന്ന എട്ടുപവനോളം സ്വര്‍ണാഭരണങ്ങള്‍ യാത്രയില്‍ അഷറഫിന്റെ ഭാര്യ ഷാഹിദ ദേഹത്തണിഞ്ഞതിനാല്‍ നഷ്ടപ്പെട്ടില്ല.

വീടിന് സമീപത്ത് രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന കോഫി ഹൗസും അല്‍പം മാറി വീടുകളുമുണ്ട്. മോഷണ വിവരമറിഞ്ഞയുടനെ അഷ്‌റഫ് പെരിന്തല്‍മണ്ണ പോലിസില്‍ വിവരമറിയിച്ചു.മിനിറ്റുകള്‍ക്കകം പോലിസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. അബൂദബിയില്‍ ജോലിചെയ്യുന്ന അഷ്‌റഫും മകനും മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.


Similar News