തളര്‍ന്ന ശരീരമെങ്കിലും തളരാത്ത മനസ്സുമായി ശ്രീകുമാറിന്റെ അധ്യാപനം

2016 ഒക്ടോബര്‍ 14 ന് രാവിലെ ബൈക്കില്‍ ജോലിക്ക് പോകുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിടിച്ചത്. നട്ടെല്ലിന് ഗുരുതരമായി ക്ഷതം സംഭവിച്ച ശ്രീകുമാറിന്റെ അരക്ക് കീഴ്‌പോട്ട് തളരുകയായിരുന്നു

Update: 2022-01-02 13:42 GMT

മാള: അപകടം ശരീരം തളര്‍ത്തിയപ്പോള്‍ തളരാത്ത മനസ്സുമായി വീല്‍ചെയറില്‍ ഇരുന്ന് ശ്രീകുമാര്‍ അധ്യാപനത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുകയാണ്. കെഎസ്ആര്‍ടിസി മാള ഡിപ്പോയിലെ കണ്ടക്ടര്‍ തസ്തികയിലുള്ള വടമ ഇളംകുറ്റിയില്‍ ശ്രീകുമാര്‍ അധ്യാപകന്റെ വേഷത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. വീടിന്റെ വശത്ത് ഷെഡ് നിര്‍മ്മിച്ച് അതില്‍ 65 കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയാണ് ജീവിതം പച്ച പിടിപ്പിക്കുന്നത്.

എല്ലാം തകര്‍ന്നിടത്തുനിന്ന് ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ചിരിക്കുന്ന മുഖവുമായി ശ്രീകുമാര്‍ കുടുംബത്തിന് ആശ്വാസമേകുന്നു. വരുമാനം മാത്രമല്ല മാനസികമായി കരുത്ത് നേടാനും അധ്യാപനത്തിന് കഴിയുമെന്നും ശ്രീകുമാര്‍ പറഞ്ഞു. ഭാര്യ ധന്യയും മക്കളായ വരദയും കാര്‍ത്തിക്കും സുഹൃത്തുക്കളും നല്‍കിയ പിന്തുണയാണ് കരുത്തായുള്ളത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ ബൈക്കില്‍ ജോലിക്ക് പോകുമ്പോഴാണ് മാളക്കുളത്തിത്തിന് സമീപത്ത് വെച്ച് കെഎസ്ആര്‍ടിസി ബസിടിച്ചത്. നട്ടെല്ലിന് ഗുരുതരമായി ക്ഷതം സംഭവിച്ച ശ്രീകുമാറിന്റെ അരക്ക് കീഴ്‌പോട്ട് തളരുകയായിരുന്നു. ശസ്ത്രക്രിയകള്‍ക്കൊടുവില്‍ വീട്ടില്‍ തിരിച്ചെത്തിപ്പോള്‍ ജീവിതം ഇരുള്‍ നിറഞ്ഞതായി. അപകടശേഷം ശമ്പളല്ലാത്ത അവധിയിലാണ്.

 സയന്‍സും കണക്കും മുഖ്യവിഷയമാക്കി ബിരുദവും ഐടിഐയി നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്‌സും കഴിഞ്ഞ ഇദ്ദേഹം പിന്നീട് അധ്യാപനം തിരഞ്ഞെടുക്കുകയായിരുന്നു. 2017 മുതല്‍ എട്ടുമുതല്‍ പത്ത് ക്ലാസ് വരെയുള്ളവര്‍ക്ക് വീട്ടില്‍ വച്ച് ട്യൂഷന്‍ നല്‍കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരിയായ ഭാര്യ ധന്യ ആ വിഷയവും പഠിപ്പിക്കും. കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറുന്നതിന് മുന്‍പ് കാര്‍ഷിക സര്‍വകലാശാലയില്‍ ഡയറി പ്ലാന്റില്‍ ടെക്‌നീഷ്യനായിരുന്നു. വായനയും ചെറുകഥയെഴുത്തുമാണ് നാല്‍പ്പത്തൊമ്പരക്കാരനായ ശ്രീകുമാറിന് മറ്റൊരു ആശ്വാസം.

Tags: