എമിഗ്രേഷന്‍ നടപടികള്‍ 15 സെക്കന്റില്‍; ദുബയ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ തുറന്നു

Update: 2018-10-10 16:28 GMT
 


ദുബയ്: എമിഗ്രേഷന്‍ യാത്ര നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കി ദുബയ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണല്‍ യാത്രക്കാര്‍ക്ക് തുറന്നുകെടുത്തു. യാത്ര രേഖകളോ, മനുഷ്യ സഹായമോ ഇല്ലാതെ തന്നെ എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന അതിനൂതന സ്മാര്‍ട്ട് സംവിധാനമാണ് ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്( നിര്‍മിത ബുദ്ധി) പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ യാത്രാ സംവിധാനമായ ടണല്‍ ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് തുറന്നിരിക്കുന്നത്. ഇതിന്റെ പരീക്ഷണഘട്ട ഉല്‍ഘാടനം ബുധനാഴ്ച രാവിലെ ജിഡിആര്‍ എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി നിര്‍വഹിച്ചു. സ്മാര്‍ട്ട് ടണലിന്റെ ഔദ്യോഗിക ഉല്‍ഘാടനം യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തും അടുത്തു തന്നെ നിര്‍വഹിക്കുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ സ്മാര്‍ട്ട് ടണലിലൂടെ നടന്നാല്‍ ഇതിലെ ബയോമെട്രിക് സംവിധാനം യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ക്യത്യത ഉറപ്പുവരുത്തും. ഇത് പ്രകാരം എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ, എമിറേറ്റ്‌സ് ഐ.ഡി യോ ആവിശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികത കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്റിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തെത്താമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു .ആദ്യം കണ്ണ് പരിശോധിക്കണം. അതിനു ശേഷമാണ് ടണലിലൂടെ നടക്കേണ്ടത്. ദുബയ് രാജ്യാന്തര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിലും വര്‍ഷംതോറും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ കടമ്പകള്‍ക്ക് മുന്നില്‍ കൂടുതല്‍ യാത്രക്കാര്‍ കാത്തിരിക്കാതെ അവരുടെ നടപടികള്‍ കൂടുതല്‍ വേഗത്തിലാകാനാണ് സ്മാര്‍ട്ട് ടണല്‍ പോലുള്ള നൂതന സ്മാര്‍ട്ട് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് അല്‍ മറി വ്യക്തമാക്കി.

ജനങ്ങളുടെ എയര്‍പോര്‍ട്ട് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരികരിക്കുന്നതിനായി കഴിഞ്ഞ 4 വര്‍ഷമായി ഈ ആശയം ഞങ്ങള്‍ ശരിയായ സാങ്കേതിക വിദ്യ കണ്ടെത്തുംവരെ പരീക്ഷിക്കുകയായിരുന്നു. ഇതിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആദ്യ തവണ സ്മാര്‍ട്ട് സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാര്‍ പാസ്‌പോര്‍ട്ട് കൗണ്ടറിലിലോ അവിടെയുള്ള കിയോസ്‌ക്കുകളിലോ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ സാധാരണ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ചു യാത്രചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് ടണലിലുടെ നടപടികള്‍ പൂര്‍ത്തിയാക്കാം. രണ്ട് കിയോസ്‌ക്കുകളാണ് ഇപ്പോള്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ടണല്‍ നടപടികള്‍ക്ക് പ്രധാനമായും ഏഴ് ഘട്ടങ്ങളാണ് ഉള്ളതെന്ന് അധിക്യതര്‍ വ്യക്തമാക്കി.

Similar News