മൂന്നാറിനെ പ്രതീക്ഷയുടെ വയലറ്റണിയിച്ച് നീലക്കുറിഞ്ഞികള്‍ പൂത്ത് തുടങ്ങി

Update: 2018-09-13 14:40 GMT

കൊച്ചി: പ്രളയവും ഉരുള്‍പൊട്ടലും തകര്‍ത്തുകളഞ്ഞ മൂന്നാറില്‍ പ്രതീക്ഷയുടെ വയലറ്റ് വര്‍ണവുമായി നീലക്കുറിഞ്ഞികള്‍ വിരിഞ്ഞുതുടങ്ങി. പേമാരി ഒഴിഞ്ഞ് ആകാശം തെളിഞ്ഞതോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലും കാന്തല്ലൂര്‍ മലനിരകളിലും നീലക്കുറിഞ്ഞികള്‍ പൂവിട്ടുകഴിഞ്ഞു. നീലക്കുറിഞ്ഞികള്‍ കൂടുതല്‍ പൂക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലെ മലനിരകള്‍ ഏതാനും ദിവസത്തിനുള്ളില്‍ വയലറ്റ് വര്‍ണം അണിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു.
തോരാതെ പെയ്ത മഴ കാരണം രണ്ടുമാസത്തോളം വൈകിയാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂവിട്ടുതുടങ്ങിയത്. നീലക്കുറിഞ്ഞി പൂക്കുമെന്ന പ്രതീക്ഷയില്‍ ഓഗസ്റ്റ് 15 മുതല്‍ ഇരവിക്കുളം നാഷണല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്നു. എന്നാല്‍ മഴ നീണ്ടുനിന്നതോടെ നീലകുറിഞ്ഞി പൂവിടാന്‍ വൈകി. ഉരുള്‍പൊട്ടലും പ്രളയവും മൂന്നാറിലേക്കുള്ള പാതകള്‍ തകര്‍ത്തുകളഞ്ഞതോടെ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണമായ വിലക്കാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയത്. ഇരവികുളം നാഷണല്‍ പാര്‍ക്കും മൂന്നാറുമായി ബന്ധിപ്പിച്ചിരുന്ന പെരിയവര പാലം തകര്‍ന്നത് പാര്‍ക്കിലേയ്ക്കുള്ള യാത്ര ദുഷ്‌കരമാക്കി.
നീലകുറിഞ്ഞി പൂത്തതോടെ ടൂറിസം മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലേയ്ക്ക് കടക്കുകയാണ്. നീലക്കുറിഞ്ഞി സീസണ്‍ മുന്നില്‍ക്കണ്ട് അടിയന്തരമായി താല്‍ക്കാലിക പാലം നിര്‍മിച്ചതോടെ മൂന്നാറിലേക്കുള്ള എല്ലാ വഴികളും തുറന്നിരിക്കുകയാണ്. നിലവില്‍ പ്രതിദിനം അയ്യായിരത്തിലധികം പേര്‍ മൂന്നാറിലെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൂന്നാറും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയതോടെ മൂന്നാറിന് പുതിയ മുഖം കൈവന്നിട്ടുണ്ട്. ഇതോടൊപ്പം പൂര്‍ണമായും പ്ലാസ്റ്റിക് രഹിത ഡെസ്റ്റിനേഷന്‍ കൂടിയായി മൂന്നാറിനെ മാറ്റിയിട്ടുണ്ട്.
ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞയാഴ്ച ജില്ലാ കലക്ടര്‍ പിന്‍വലിച്ചതോടെ ചുരംകയറി എത്തുന്ന സഞ്ചാരികളും വര്‍ദ്ധിച്ചു. നീലക്കുറിഞ്ഞിയും വരയാടുകളും മനോഹര കാഴ്ച്ചയൊരുക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്ക്, പുല്‍മേടുകളും തേയിലത്തോട്ടങ്ങളും കുളിരണിയിക്കുന്ന മാട്ടുപ്പെട്ടി, കരിമ്പിന്‍ തോട്ടങ്ങളും ചന്ദനക്കാടുകളും നിറഞ്ഞ മറയൂര്‍. സഞ്ചാരികളെ സ്വീകരിക്കാന്‍ മൂന്നാര്‍ ഒരുങ്ങിക്കഴിഞ്ഞു.

Similar News