കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടത് 30,000 കോടി: തോമസ് ഐസക്, വിഭവസമാഹരണത്തിനായി നവകേരള ലോട്ടറി ആരംഭിച്ചു

Update: 2018-09-03 13:15 GMT


ആലപ്പുഴ: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 30,000 കോടി വേണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായി.
തകര്‍ന്ന പാലങ്ങള്‍,കെട്ടിടങ്ങള്‍, ബണ്ടുകള്‍,നഷ്ടപരിഹാരം, വീട്, കൃഷി , ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഉപജീവനസഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതില്‍ 4000 കോടി തൊഴിലുറപ്പിനും മറ്റു അനുബന്ധ വിഷയങ്ങള്‍ക്കും ഉപയോഗിക്കേണ്ടി വരുമ്പോള്‍ 6,000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6000 കോടി സംസ്ഥാന സര്‍ക്കാര്‍ നാനാവിധ മാര്‍ഗ്ഗങ്ങളിലൂടെ വേണം സമാഹരിക്കാന്‍. അതിനാണ് ലോട്ടറി പോലെയുള്ള ധനസമാഹരണം സര്‍ക്കാര്‍ ആരംഭിച്ചത്. ഇതൊരു ഭാഗ്യ പരീക്ഷണമായി കാണേണ്ടന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത സമയത്ത് ലോകം മുഴുവനും മലയാളികളെ സഹായിച്ചിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവരും ഒരുടിക്കറ്റ് വീതം എടുത്താല്‍ 750 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള ലോട്ടറി ടിക്കറ്റ് മന്ത്രി തോമസ് ഐസക്കില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു.

എന്താണ് നവകേരളാ ഭാഗ്യക്കുറി

സാധാരണ ഭാഗ്യക്കുറിയില്‍ നിന്ന്് വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാന ഘടന നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5,000/ രൂപ വീതമുള്ള 100800 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ താല്‍പര്യമുള്ള വ്യക്തികള്‍, സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍, സര്‍വ്വീസ് സംഘനകള്‍, ക്ലബ്ബുകള്‍, സ്‌കൂള്‍കോളേജ് പി.ടി.എകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവര്‍ക്കും നവകേരള' ഭാഗ്യക്കുറി വില്പനയ്ക്കായി താത്ക്കാലിക ഏജന്‍സി ലഭിക്കും. സൗജന്യമായാണ് ഏജന്‍സി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ഭാഗ്യക്കുറി ജില്ല/സബ് ഓഫീസില്‍ ബന്ധപ്പെടണം. ടിക്കറ്റിന് 25 ശതമാനം ഏജന്‍സി കമീഷന്‍ ലഭിക്കും. നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ലോട്ടറിയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

Similar News