നവകേരള ഭാഗ്യക്കുറി പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ

Update: 2018-10-02 09:11 GMT
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമുള്ള ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പു നടപ്പാക്കുന്ന നവകേരള ലോട്ടറിയുടെ പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ. ലോട്ടറിയുടെ പ്രചാരണാര്‍ഥം ഇന്നലെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നാടകം അവതരിപ്പിച്ചു.മഹാപ്രളയത്തില്‍നിന്നുള്ള കേരളത്തിന്റെ അതിജീവനവും നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ നടപടികളുമാണു നാടകത്തിന്റെ ഇതിവൃത്തം. ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ട തീര്‍ഥപാദ മണ്ഡപത്തിനു മുന്നില്‍ അവതരിപ്പിച്ച നാടകത്തോടെ തിരുവനന്തപുരം ജില്ലയിലെ പ്രചാരണത്തിനു സമാപനമായി. കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ പത്തനംതിട്ട ജില്ലാ യൂണിറ്റാണ് നാടകവുമായി നവകേരള ലോട്ടറി പ്രചാരണത്തിനെത്തിയത്.



ഒക്ടോബര്‍ മൂന്നിനാണ് നവകേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 100800 പേര്‍ക്ക് 5000 രൂപയും ലഭിക്കും. 250 രൂപയാണു ടിക്കറ്റ് വില.ജില്ലയിലെ തെരുവ് നാടക പ്രചാരണ പരിപാടികള്‍ക്ക് ജില്ലാ ലോട്ടറി ഓഫിസര്‍ സുചിത്ര കൃഷ്ണന്‍, അസിസ്റ്റന്റ് ലോട്ടറി ഓഫിസര്‍ മിത്ര, വി. സുരേഷ്, കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ കെ.എസ്. അനു, സൂര്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News