നജ്മല്‍ ബാബുവിന്റെ മരണാനന്തര രാഷ്ട്രീയം: സൗഹൃദ കൂട്ടായ്മ കൊടുങ്ങല്ലൂരില്‍ ഒത്ത്കൂടുന്നു

Update: 2018-10-17 15:24 GMT

കൊടുങ്ങല്ലൂര്‍: നജ്മല്‍ ബാബുവിന്റെ ഓര്‍മ്മകളും അദ്ദേഹം ഉയര്‍ത്തിയ രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആക്ടിവിസ്റ്റുകളും കൊടുങ്ങല്ലൂരില്‍ ഒത്തുചേരുന്നു. തന്റെ മയ്യിത്ത് ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് ആഗ്രഹിച്ച നജ്മല്‍ ബാബുവിനോട് അനീതി കാണിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നജ്മല്‍ ബാബു സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 20ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളിലാണ് സംഗമം.
അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ നജ്മല്‍ എന്‍ ബാബുവിന്റെ മതവും രാഷ്ട്രീയവും പേരും റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ വ്യക്തത കൊണ്ട് ഇസ്്‌ലാം മതം സ്വീകരിച്ച എഴുത്തുകാരനും ചിന്തകനുമാണ് നജ്മല്‍ ബാബു. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരേ ജീവിതം കൊണ്ടും മരണം കൊണ്ടും പോരാടിയ ഒരാളാണ് അദ്ദേഹം. അതേ ഫാഷിസത്തിന്റെ അഗ്നിയില്‍ അദ്ദേഹത്തെ കത്തിച്ചുകളയുകയാണ് യുക്തിവാദികള്‍ ചെയ്തതെന്നും സംഘാടകര്‍ കുറ്റപ്പെടുത്തി.
നജ്മല്‍ ബാബുവിന്റെ ഓര്‍മ്മകളും അദ്ദേഹം ഉയര്‍ത്തിയ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Similar News