മഅ്ദനി; കോടതി നിശ്ചയിച്ച ഉപാധികള്‍ സാമൂഹികാലക്ഷ്യം : കേരള മുസ്ലിം സംയുക്ത വേദി

Update: 2018-10-27 15:07 GMT


ഗുരുതര രോഗം ബാധിച്ച് മരണാസന്ന അവസ്ഥ യിലുളള തന്റെ മാതാവിനെ സന്ദര്‍ശിക്കുന്നത് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ച അബ്ദുന്നാസിര്‍ മഅ്‌നിയോട് വായപൂട്ടിയും കണ്ണ് കെട്ടിയും പോകണമെന്ന തരത്തില്‍ ഉപാധി നിശ്ചയിച്ച കോടതി നടപടി കടുത്ത സാമൂഹികാലക്ഷ്യമാണെന്ന് കേരള മുസ്ലിം സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി.
മഅ്ദനി, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയോ കളളനോട്ട്, ബലാത്സംഗ കേസുകളിലോ അതിഗുരുതരമായ മറ്റെന്തെങ്കിലും കുറ്റ കൃത്യത്തിലോ പങ്കെടുത്ത വ്യക്തിയോ അല്ല. ഇരുപത് കൊല്ലം മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട് ഒന്‍പതര കൊല്ലത്തെ പീഢനങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് കോടതികള്‍ അദ്ധേഹത്തെ വെറുതെ വിട്ടപ്പോള്‍, മഅ്ദനിക്ക് കേരളീയ സമൂഹത്തില്‍ ലഭിച്ച സ്വീകരണവും കൂടുതല്‍ സ്വീകാര്യതയും കണ്ട് അസൂയയും അസ്വസ്ഥതയും പൂണ്ട ചില ദുഃശക്തികള്‍ നടത്തിയ ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി വീണ്ടും വേട്ടയാടപ്പെടുന്ന പൂര്‍ണ്ണ നിരപരാധിയാണ്.
ഭരണകൂടം ഒരാളെ കളളകേസില്‍ പ്രതി ചേര്‍ത്ത് അന്യായമായി നശിപ്പിക്കുമ്പോള്‍ നീതിയുടെ വെളിച്ചം നല്‍കി നന്മയുടെ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യതയാണ് നീതി പീഠങ്ങള്‍ക്കുളളത്.
ജനാധിപത്യത്തെയും നീതിന്യായ സംവിധാനങ്ങളെയും അവമതിച്ച് ഭരണകൂട ഭീകരതയെ പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഏത് കോടതിയില്‍ നിന്നുണ്ടായാലും അത് സംസ്‌ക്കാര സമ്പന്നമായ സമൂഹത്തോടുളള കടുത്ത വെല്ലുവിളിയാണ്.
പൗരന്മാര്‍ കോടതിലക്ഷ്യം നടത്താന്‍ പാടില്ലയെന്നത് പോലെ കോടതികള്‍ സാമൂഹികാലക്ഷ്യം നടത്താനും പാടില്ല.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പലതവണ കേരളത്തില്‍ വന്നു തിരിച്ചുപോയ മഅ്ദനി എന്ത് നിയമ ലംഘനമാണ് നടത്തിയിട്ടുളളത്?
ഇന്നലത്തെ കോടതി ഉത്തരവിലെ ഉപാധികള്‍ അങ്ങേയറ്റം ക്രൂരവും, പൈശാചികതയെക്കാള്‍ ഭയാനകവുമാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ്, അതിന്റെ പര്യവസാനത്തിലേക്ക് അടുക്കുമ്പോള്‍ ഈ കേസിലെ വിധി എങ്ങനെയായിരിക്കുമെന്ന കൃത്യമായ സൂചന ഈ ഉത്തരവിലുണ്ട്. കേരളീയ മനസ്സാക്ഷി ഈ കൊടും ക്രൂരതക്കെതിരെ ഉണര്‍ന്നേ തീരൂ.
മഅ്ദനിയുടെ നാവരിയാനും, കാഴ്ച ശക്തിയില്ലാത്ത അദ്ധേഹത്തിന്റെ കണ്ണ് കെട്ടാനും തയാറാവുന്ന ഈ തെമ്മാടിത്തരത്തെ നെഞ്ചുവിരിച്ചു നിന്ന് ചോദ്യം ചെയ്യാന്‍ കണ്ണും നാവുമുളളവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.