'നാണമില്ലേ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍?' കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

Update: 2018-09-15 13:41 GMT

കൊച്ചി: 'നിങ്ങള്‍ക്കു നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍. കന്യാസ്ത്രീകള്‍ എന്തു ചെയ്യണം, അതും ഇതുമായി എന്തുബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ? ഇതൊക്കെയാണോ, അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍,' കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് മാഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. പ്രളയദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയപ്പോഴായിരുന്നു സംഭവം. കന്യാസ്ത്രീകളുടെ സമരം ഇവിടുത്തെ പൊതുവികാരമാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതികരിച്ച മോഹന്‍ലാല്‍ അവസാനം തിരിഞ്ഞു നടക്കുന്നതും കാണാം.
പിന്നീട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഏതു ചാനലിന്റെ പ്രതിനിധിയാണെന്ന് ചോദിക്കുകയും, മാതൃഭൂമിയെന്നു മറുപടി പറഞ്ഞപ്പോള്‍ 'ആ, അതാണ്' എന്ന് മോഹന്‍ലാല്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.