ടെലികോം കമ്പനികള്‍ ആധാര്‍ വേര്‍പെടുത്താന്‍ 15നകം പദ്ധതി സമര്‍പ്പിക്കണം

Update: 2018-10-01 13:56 GMT


ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ ഒക്ടോബര്‍ 15നകം ഒരു ഡി ലിങ്കിങ് പദ്ധതി സമര്‍പ്പിക്കാന്‍ യുഐഡിഎഐ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ആധാറിന്റെ ഭരണഘടനാ സാധുതയും ഉപയോഗവും സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ബാങ്ക് എക്കൗണ്ടിനും മൊബൈല്‍ ഫോണിനും ആധാര്‍ വേണ്ടെന്നും ബാങ്കുകളും ഫോണ്‍ കമ്പനികളും ആധാര്‍ ലിങ്ക് ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എല്ലാ ടെലികോം സേവനദാതാക്കളും കോടതിവിധി നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് അയച്ച സന്ദേശത്തില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ഫോണ്‍ സേവനം ആധാറുമായി ബന്ധപ്പെടുത്തിയത് ഒഴിവാക്കാനുള്ള പദ്ധതി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു വരുമ്പോള്‍ പകരം എന്തു ചെയ്യണമെന്നതു സംബന്ധിച്ച് കമ്പനികള്‍ക്ക് അവരുടേതായ പദ്ധതികളുണ്ടാവും. അത് 15നുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ അറിയിച്ചു.