ശബരിമല: മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ മന്ത്രിമാരും യോഗത്തിനെത്തിയില്ല

Update: 2018-10-31 14:43 GMT


 

-യോഗത്തില്‍ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോയി
-മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഒരു സംസ്ഥാനത്തെയും മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. മന്ത്രിമാര്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തില്ല. മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് കേരളസര്‍ക്കാര്‍ യോഗം വിളിച്ചത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിന് വിളിച്ചത്. എന്നാല്‍, തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ഇവരാരും എത്തിയില്ല. പകരം വകുപ്പു സെക്രട്ടറിമാര്‍ മാത്രമാണ് വന്നത്. യോഗത്തിലെ ആദ്യ ചര്‍ച്ചാവിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആയിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്നുണ്ടായ ചില അത്യാവശ്യ തിരക്കുകള്‍ കാരണം മുഖ്യമന്ത്രിക്ക് വരാനാവില്ലെന്ന വിശദീകരണമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്. യോഗത്തില്‍നിന്ന് ടോമിന്‍ ജെ തച്ചങ്കരി ഇറങ്ങിപോയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു മന്ത്രി പറഞ്ഞു. തിരക്കുള്ളവര്‍ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ല. മതിയായ കാരണത്താലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കാത്തതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കടകംപള്ളി പറഞ്ഞു. യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി അതിനു ബന്ധമില്ല. അടുത്ത തവണ മന്ത്രിമാരുടെ യോഗം വേണോ ഉദ്യോഗസ്ഥരുടെ യോഗം വേണോ എന്നു സര്‍ക്കാര്‍ ആലോചിക്കും. വളരെപെട്ടെന്നു തീരുമാനിച്ച യോഗമായതിനാല്‍ പലര്‍ക്കും അസൗകര്യം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചതായി യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവംബര്‍ പതിനഞ്ചിനു മുമ്പ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും. നിലയ്ക്കലില്‍ 10,000 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യങ്ങളോടെ ബേസ് ക്യാംപ് തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി അപൂര്‍വ വര്‍മ, കര്‍ണാടക റവന്യൂ സെക്രട്ടറി ഗംഗാറാം ബാബറിയ, തെലങ്കാന വിജിലന്‍സ് ജോയിന്റ് കമ്മീഷണര്‍ എംഎഫ്ഡി കൃഷ്ണവേണി, ആന്ധ്രാപ്രദേശ് സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ സുബ്ബറാവു, പുതുച്ചേരി ദേവസ്വം കമ്മീഷണര്‍ തിലൈവേല്‍, ശബരിമല അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടികെഎ. നായര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

Similar News