എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ പേര്‍; മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയേക്കും

Update: 2018-10-09 14:52 GMT

ന്യൂഡല്‍ഹി: മീ ടു കാംപയിനില്‍ കുടുങ്ങി സിനിമാ-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖര്‍. ബി.ജെ.പി രാജ്യസഭാംഗവും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനും നടന്‍ മുകേഷിനും പ്രശസ്ത കവിയും ഗാനരചിയതാവുമായ വൈരമുത്തുവിനും എതിരായ ലൈംഗികാരോപണങ്ങളാണ് ഇന്ന് കൂടുതല്‍ ചര്‍ച്ചയായത്. എം.ജെ അക്ബറിനെതിരെ ലൈംഗീകാരോപണ വെളിപ്പെടുത്തലുമായി കൂടുതല്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാതലത്തില്‍ മന്ത്രി പദത്തില്‍ നിന്നും എം.ജെ അക്ബറിനെ നീക്കിയേക്കുമെന്ന് സൂചനയുണ്ട്.
മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ നടത്തിയ ലൈംഗീകാതിക്രമങ്ങളാണ് അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. ജോലിക്ക് അഭിമുഖത്തിനായും ജോലി വാഗ്ദാനം ചെയ്തും ഹോട്ടലിലേക്ക് വിളിപ്പിച്ചായിരുന്നു എം.ജെ അക്ബര്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതെന്നാണ് വെളിപ്പെടുത്തല്‍. 2017 ഒക്ടോബറില്‍ തന്നെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ലൈംഗീകാരോപണം ഉന്നയിച്ചിരുന്നെങ്കിലും എം.ജെ അക്ബറിന്റെ പേര് വെളിപ്പെടുത്തുന്നത് ഇപ്പോഴാണ്.
ടെലഗ്രാഫ്, ഏഷ്യന്‍ ഏജ്, സണ്‍ഡെ ഗാര്‍ഡിയന്‍ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി എം.ജെ അക്ബര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാമ്പയിനെതുടര്‍ന്നുള്ള വെളിപ്പെടുത്തലിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ രാഷ്ട്രീയ കാര്യ എഡിറ്റര്‍ പ്രശാന്ത് ജാ രാജിവച്ചിരുന്നു.
ഇതേ പത്രത്തിലെ റെസിഡന്റ് എഡിറ്ററായ കെ.ആര്‍ ശ്രീനിവാസനെതിരെ ഒന്നിലധികം യുവതികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡി.എന്‍.എ എഡിറ്റര്‍ ഗൌതം അധികാരി ചുംബിച്ചതായും മാധ്യമ പ്രവര്‍ത്തക തുറന്ന് പറഞ്ഞിട്ടുണ്ട്. നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലോടെയാണ് രണ്ടാം ഘട്ട മീ ടൂ കാമ്പയിന് പ്രചാരമേറിയത്.

Similar News