മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ബിജെപിയിലേക്ക്

Update: 2018-09-22 05:32 GMT
ഹൈദരാബാദ്: ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹ്യവിരുദ്ധനോ ആവില്ലെന്നും ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്നും പറഞ്ഞ് മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രവീന്ദര്‍ റെഡ്ഡി ബിജെപി അംഗത്വമെടുക്കുന്നതായി റിപോര്‍ട്ട്.കേസില്‍ തെളിവില്ലെന്ന് വ്യക്തമാക്കി പ്രതിയായ സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ട് കൊണ്ടാണ് ഇദ്ദേഹം വിധി പ്രസ്ഥാവിച്ചത്. ഈ മാസം 14ന് അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഡി അദ്ദേഹത്തെ കാണുകയും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി തെലങ്കാന ബിജെപി നേതാവാണ് ജഡ്ജിയുടെ പാര്‍ട്ടി അംഗത്വത്തെ കുറിച്ച് പറഞ്ഞത്.


മെട്രോപൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഡി മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രാജിവെച്ചിരുന്നു.2007 മേയ് 18ന് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനിടെ ശക്തിയേറിയ ഐഇഡി സ്‌ഫോടക വസ്തു ഉപയോഗിച്ചു നടത്തിയ പൊട്ടിത്തെറിയില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.സ്‌ഫോടനകേസിലാണ് അസിമാനന്ദയടക്കമുള്ളവര്‍ അറസ്റ്റിലായത്.

Similar News