"എട്ടുവരിപ്പാത വന്നാല്‍ എട്ടുപേരെ കൊന്ന് ജയിലില്‍ പോകും" : മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

Update: 2018-06-18 12:09 GMT


ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. നിര്‍ദ്ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത വന്നാല്‍ എട്ടുപേരെ കൊന്ന്് താന്‍ ജയിലില്‍ പോകുമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്‍ പ്രസംഗിച്ചത്. ഇതേത്തുടര്‍ന്ന്
ഞായറാഴ്ച ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു സേലം പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സേലത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ശക്തമായ പോലിസ് അകമ്പടിയോടെയാണ് സേലത്തേക്ക് കൊണ്ടുവന്നത്. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
അക്രമത്തിന് പ്രേല്‍സാഹിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പോലിസ് പറയുന്നു. നാം തമിഴര്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം.
നേരത്തെ കാവേരി പ്രശ്‌നത്തില്‍ സമരക്കാര്‍ക്ക് പിന്തുണ നല്‍കിയതിനും മന്‍സൂറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ അച്ചന്‍കുട്ടപ്പടി, പുലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍ മേഖലകളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. പദ്ധതിക്കായി 41 ഏക്കര്‍ വനഭൂമി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതിവേഗ പാതയ്ക്കായി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടി വരും. ഇത് ഉപജീവന മാര്‍ഗത്തെ ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

Similar News