മന്ത്രി സഭ അഴിച്ചുപണിയും; ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ
ഗോവ മുഖ്യമന്ത്രിയായി ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഗോവയിലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അമിത് ഷാ മന്ത്രിസഭ അഴിച്ചുപണിയുമെന്നും വ്യക്തമാക്കി.
മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നാല്പത് അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്സ്. 16 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 14 സീറ്റു മാത്രമാണുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോവമന്തക്ക് പാര്‍ട്ടി, എന്‍.സി.പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഗോവ, മുംബൈ, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം പരീക്കര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. ഗോവയില്‍ ഭരണം സ്ഥംഭിച്ചെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.