മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറി; യാത്രക്കാരനെ പുറത്താക്കി

Update: 2018-09-27 06:56 GMT
മുംബൈ: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. യാത്രക്കാരന്‍ കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ കീഴടക്കുകയായിരുന്നു. തന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യാനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ ജീവനക്കാരോട് വ്യക്തമാക്കി.


യാത്രയ്ക്ക് മുമ്പ് ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് ഇയാള്‍ കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ നിയമനടപടിക്ക് യാത്രക്കാരനെ മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം പിന്നീട് വിട്ടയച്ചു. നടപടി ക്രമങ്ങള്‍ക്ക് ശേഷം മുംബൈ കൊല്‍ക്കത്ത വിമാനം യാത്ര തിരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍. ശുചിമുറിയാണെന്ന് തെറ്റിധരിച്ച് യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതു സഹയാത്രികന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Similar News