കണക്കില്‍പെടാത്ത പണവുമായി മലപ്പുറം ജോയിന്റ് ആര്‍ടിഒ അറസ്റ്റില്‍

Update: 2018-10-16 16:00 GMT


മലപ്പുറം: കണക്കില്‍ പെടാത്ത പണവുമായി മലപ്പുറം ജോയിന്റ് ആര്‍ടിഒ കെ. ശിവകുമാര്‍ പിടിയിലായി. ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതില്‍ മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശിവകുമാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനത്തില്‍ നിന്നും കണക്കില്‍ പെടാത്ത 19,620 രൂപ പിടികൂടിയത്. വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ 11 ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഇയാള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും തുക പിടിച്ചെടുത്തത്. എന്നാല്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചതാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഏജന്റുമാര്‍ മുഖാന്തിരം കൈക്കൂലി വാങ്ങിയ പണമാണെന്ന് വ്യക്തമാകുന്നത്. ഏജന്റുമാരില്‍ നിന്നും പണം കൈപറ്റി വീട്ടിലേക്ക് പോകും വഴിയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിയമ നടപടിക്ക് ശിപാര്‍ശ ചെയ്ത് വിജിലന്‍സ് ഡയറേ്രക്ടറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതിയുണ്ടെന്നും പരിശോധന തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. മലപ്പുറം വിജിലന്‍സ് ഇന്‍സ്‌പെക്റ്റര്‍
സുരേഷ് ബാബു, എഎസ്‌ഐമാരായ മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, സിപിഒമാരായ റഫീഖ്, ഹനീഫ, പ്രജിത്ത് എന്നിവരാണ്പ രിശോധനക്ക് നേതൃത്വം നല്‍കിയത്.