രോഗബാധിതയായ ഉമ്മയെ കാണാന്‍ മഅ്ദനി കേരളത്തിലെത്തി

Update: 2018-10-30 06:28 GMT


 

തിരുവനന്തപുരം: അര്‍ബുദ രോഗബാധിതയായതിനെ തുടര്‍ന്ന് അവശനിലയിലായ ഉമ്മയെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലെത്തി. രാവിലെ 6.15ന് ബെംഗളൂരു ബെന്‍സന്‍ ടൗണിലെ വസതിയില്‍ നിന്നിറങ്ങിയ അദ്ദേഹം അവിടെ നിന്നു വിമാനമാര്‍ഗമാണ് കേരളത്തിലെത്തിയത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി റോഡ് മാര്‍ഗം ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തി ഉമ്മയെ സന്ദര്‍ശിക്കും. എട്ടുദിവസം കേരളത്തില്‍ കഴിയാന്‍ കോടതി കടുത്ത ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ബെംഗളൂര സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായിരുന്ന അബ്്ദുന്നാസിര്‍ മഅ്ദനി നിലവില്‍ ജാമ്യത്തില്‍ കഴിയവേ പ്രത്യേക എന്‍ഐഎ കോടതിയുടെ ഇളവ് തേടിയാണ് കേരളത്തിലെത്തിയത്. ഇനി വാഹന മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് ശാസ്താംകോട്ടയിലേക്ക് പുറപ്പെടും. ഭാര്യ സൂഫിയ മഅ്ദനി, ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സഹായികളായ സലിം ബാബു, നിയാസ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ കഴിയുന്ന ഉമ്മ അസ്മാ ബീവിയെ സന്ദര്‍ശിക്കും. ബംഗളൂരുവില്‍ നിന്ന് അനുഗമിക്കുന്ന 11 അംഗ പോലിസ് സംഘം അദ്ദേഹത്തെ യാത്രയില്‍ അനുഗമിക്കുന്നുണ്ട്. ഇന്നുമുതല്‍ നംവബര്‍ 4 വരെയാണ് മഅ്ദനി ഉമ്മയെ സന്ദര്‍ശിക്കാന്‍ ശാസ്തം കോട്ടയിലുണ്ടാവുക. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മഅ്ദനിയുടെ മാതാവിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിനത്തില്‍ മുന്‍കൂറായി 1,76,600 രൂപ കെട്ടിവച്ചാണ് മഅ്ദനി കേരളത്തിലെത്തുന്നത്. കൂടെവരുന്ന ഉദ്യോഗസ്ഥരുടെ ഭക്ഷണവും താമസവും മഅ്ദനി വഹിക്കണം. ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുമായി കഴിഞ്ഞവര്‍ഷം ആഗസ്തില്‍ മഅ്ദനിക്ക് സുപ്രിംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നു.
അതേസമയം പ്രവര്‍ത്തകരോടും മാധ്യമങ്ങളോടുമടക്കം സംസാരിക്കരുതെന്ന കോടതിയുടെ കനത്ത നിബന്ധനകളില്‍ പ്രതിഷേധിച്ച് വായമൂടി കെട്ടി പ്രതിഷേധിച്ചാണ് പിഡിപി പ്രവര്‍ത്തകര്‍ മഅ്ദനിയെ സ്വീകരിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഇളവുവരുത്താന്‍ കോടതി കര്‍ശന വ്യവസ്ഥകളാണു മുന്നോട്ടുവച്ചിരുന്നത്. മാധ്യമങ്ങളുമായി സംസാരിക്കരുത്, കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ല, പിഡിപി പ്രവര്‍ത്തകരുമായോ ഇതര രാഷ്ട്രീയ പ്രവര്‍ത്തകരുമായോ സംസാരിക്കരുത്, ചെലവ് സ്വന്തം വഹിക്കണം തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

Similar News