പായലേ വിട..പൂപ്പലേ വിട...!

Update: 2022-07-19 08:38 GMT

ത് മഴക്കാലമാണ്..കാത്തുസൂക്ഷിച്ച ആ വസ്ത്രങ്ങളിലും, ഷൂവിലും, ഭിത്തികളിലും,ഫര്‍ണിച്ചറുകളിലുമൊക്കെയുണ്ടാകാന്‍ സാധ്യതയുള്ള പൂപ്പല്‍ പട്ടാളത്തിന്റെ അറ്റാക്ക് ചെറുത്ത് തോല്‍പ്പിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കേണ്ട കാലമാണ്ി ഇത്.വായുവിലെ ഈര്‍പ്പം, വായുസഞ്ചാരത്തിന്റെ കുറവ് എന്നിവയൊക്കെ കൊണ്ടാണ് പൂപ്പല്‍ ഉണ്ടാകുന്നത്.വിഷമിക്കേണ്ട..ഈ പട്ടാളത്തെ തുരത്താന്‍ യുദ്ധമൊന്നും ആവശ്യമില്ല.ചെറിയ ചില പൊടിക്കൈ പ്രയോഗത്തിലൂടെ ഓടിച്ച് വിടാന്‍ കഴിയുന്ന കാര്യമേയുള്ളൂ.

വസ്ത്രങ്ങളിലെ പൂപ്പല്‍ പ്രതിരോധത്തിനുള്ള പൊടിക്കൈകള്‍

അലമാരയില്‍ വസ്ത്രങ്ങള്‍ വെക്കുന്നതിന് മുമ്പ് പേപ്പര്‍ വിരിക്കുന്നത് ഈര്‍പ്പം കുറയാന്‍ ഉപകരിക്കും.അടച്ച സ്ഥലത്തിനുള്ളിലെ ഈര്‍പ്പം പേപ്പര്‍ നിയന്ത്രിക്കും.

വാര്‍ഡ്രോബില്‍ അല്‍പം ഉപ്പ് പൊതിഞ്ഞ് വെക്കുന്നതും ഈര്‍പ്പം നിയന്ത്രിക്കാന്‍ നല്ലതാണ്.

മസ്ലിന്‍ ബാഗിലോ മറ്റോ കുറച്ച് കര്‍പ്പൂരം നിറച്ച് അലമാരയില്‍ വെച്ചാല്‍ ഈര്‍പ്പം കുറക്കുന്നതിനൊപ്പം വസ്ത്രങ്ങളുടെ ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കും.

വാര്‍ഡ്രോബിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് അല്‍പം ഉണങ്ങിയ വേപ്പില ഇട്ടാല്‍ വസ്ത്രങ്ങളുടെ പുതുമ നിലനിര്‍ത്താനും പൂപ്പല്‍ പടരുന്നത് ഒഴിവാക്കാനുമാകും.

അലമാര പുറം ചുമരിനോട് ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കുന്നത് ഈര്‍പ്പം കുറക്കാനുള്ള ഒരു വഴിയാണ്. മറ്റേതെങ്കിലും ചുമരിനോട് ചേര്‍ത്തിടുകയോ ചുമരിനും അലമാരക്കും ഇടയില്‍ അല്‍പം സ്ഥലം വിടുകയോ ചെയ്യാം.

സമീപഭാവിയില്‍ ധരിക്കാന്‍ ആഗ്രഹിക്കാത്ത വസ്ത്രങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പൂര്‍ണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.ശേഷം വായു കടക്കാത്ത വിധം പൊതിഞ്ഞ് സൂക്ഷിക്കുക

അലമാരയില്‍ വളരെക്കാലമായി അടുക്കി വെച്ച വസ്ത്രങ്ങളില്‍ പൂപ്പല്‍ വളരും. വസ്ത്രങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍, അലമാരയില്‍ അടുക്കി വെക്കുന്നതിന് മുമ്പായി വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കണം. ഡ്രെയറില്‍ ഉണക്കിയതിന് ശേഷവും ഇങ്ങനെ വെയിലത്ത് ഉണക്കുന്നത് ഈര്‍പ്പാംശം ഇല്ലാതാക്കാന്‍ നല്ലതാണ്.


മഴക്കാലത്ത് ഷൂസിനും ബാഗിനും പ്രത്യേക കരുതല്‍ വേണം

ലെതര്‍ ചെരിപ്പുകളും ഷൂകളും ബാഗുകളുമൊക്കെ പൂപ്പല്‍ പട്ടാളത്തിന്റെ സൈ്വര്യ വിഹാര കേന്ദ്രങ്ങളാണ്,പ്രത്യേകിച്ചും മഴക്കാലത്ത്.അതിനും ചില പൊടിക്കൈ പ്രയോഗങ്ങളുണ്ട്.

ഷൂസും ബാഗുകളുമൊക്കെ സൂക്ഷിച്ച് വെച്ച സ്ഥലം ഈര്‍പ്പ രഹിതമായിരിക്കണം.

വാക്‌സ് പോളിഷ് അല്ലെങ്കില്‍ ഡസ്റ്റര്‍ ബ്രഷ് ഉപയോഗിച്ച് അവയെ വൃത്തിയാക്കി നേര്‍ത്ത തുണി സഞ്ചികളില്‍ പൊതിഞ്ഞ് വെക്കുന്നതാണ് നല്ലത്.

സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഷൂസിലും ബാഗിലും ഇട്ട ശേഷം തുണിയില്‍ പൊതിഞ്ഞ് വെക്കുന്നതാണ് നല്ലത്.സിലിക്ക ജെല്‍ ഈര്‍പ്പവും ദുര്‍ഗന്ധവും ആഗിരണം ചെയ്യും.

പ്ലാസ്റ്റിക് ബാഗുകള്‍ അകത്തുള്ള ഈര്‍പ്പം പുറത്ത് വിടാതെ സൂക്ഷിക്കുന്നതിനാല്‍ ലെതറിനെ നശിപ്പിക്കും. അതിനാല്‍, ലെതര്‍ വസ്തുക്കള്‍ നന്നായി ഉണങ്ങിയ അവസ്ഥയിലല്ലെങ്കില്‍ തുണി സഞ്ചിയില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

ഷൂസ് സൂക്ഷിക്കുന്ന അറയില്‍ കര്‍പ്പൂരം, നഫ്താലിന്‍, ഉപ്പ് എന്നിവ വയ്ക്കുന്നത് നല്ലതാണ്.

ഷൂസും ബാഗുകളും ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാവുന്നതാണ്.


വീടിന്റെ ശോഭ കെടുത്തുന്ന പൂപ്പല്‍ വില്ലനെയും തുരത്താന്‍ ചില പൊടിക്കൈകള്‍ ഇതാ

മഴക്കാലത്താണ് പൂപ്പല്‍ ശല്യം ചുവരുകളില്‍ പൂപ്പല്‍ ശല്യം രൂക്ഷമാവുക. ഈര്‍പ്പം നിലനില്‍ക്കുന്നത് മൂലമാണ് ഇത്. അടുക്കളയിലെ ടൈലിലും ഭിത്തിയിലും സിങ്കിലും ബാത്ത്‌റൂം കോര്‍ണറിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇരുണ്ട നിറത്തിലുളള പൂപ്പലുകള്‍ വലിയ കെമിക്കല്‍ പ്രയോഗങ്ങള്‍ ഇല്ലാതെ തന്നെ നീക്കം ചെയ്യാന്‍ സാധിക്കും

റ്റീ ട്രീ ഓയില്‍ ഉപയോഗിച്ച് ഇവയെ നീക്കം ചെയ്യാം

2 ടീസ്പൂണ്‍ റ്റീ ട്രീ ഓയില്‍, 2 കപ്പ് വെള്ളം, കോട്ടന്‍ തുണി, സ്‌പ്രെ ചെയ്യാനുള്ള ബോട്ടില്‍ എന്നിവ എടുക്കുക. ബോട്ടിലില്‍ 2 ടീ സ്പൂണ്‍ റ്റീ ട്രീ ഓയില്‍ 2 കപ്പ് വെള്ളം എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം വീട്ടില്‍ പൂപ്പല്‍ ബാധിച്ച ഭാഗങ്ങളില്‍ സ്‌പ്രെ ചെയ്യുക. ശേഷം കോട്ടന്‍ തുണി ഉപയോഗിച്ച് മിശ്രിതം സ്‌പ്രെ ചെയ്ത ഭാഗം തുടച്ചാല്‍ പൂപ്പല്‍ പോയി കിട്ടും.

ബ്ലീച്ചിന്റെ ഉപയോഗം

ചവിട്ടിയിലെ പൂപ്പല്‍ കളയാന്‍ ഏറ്റവും നല്ലത് ബ്ലീച്ച് ആണ്. ബ്ലീച്ചില്‍ അഞ്ച് മണിക്കൂറെങ്കിലും നനച്ച് വയ്ക്കുക. ചവട്ടി നനച്ച് വച്ചിരിക്കുന്ന മുറിയില്‍ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. ചവിട്ടിയില്‍ കറയുണ്ടെങ്കില്‍ കൂടുതല്‍ നേരം ചവിട്ടി ബ്ലീച്ചില്‍ മുക്കിവയ്ക്കണം. എന്നിട്ട് വേണം കഴുകാന്‍. പൂപ്പല്‍ അടിയുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ചവിട്ടി വെള്ളം നനവില്ലാതെ സൂക്ഷിക്കുകയാണ്.


ബാത്ത്‌റൂമിലെ പൂപ്പല്‍

ബാത്‌റൂമിലേയും മറ്റും പൂപ്പല്‍ കളയാന്‍ അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുത്താല്‍ മതിയാകും.

ഫര്‍ണിച്ചറുകളിലെ പൂപ്പല്‍


തടി മേശയും കസേരകളും കട്ടിലും മഴക്കാലത്ത് തിരിച്ചടിയായി മാറാറുണ്ട്.

ഫര്‍ണിച്ചറിന്റെ കാലുകള്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞാല്‍ തറയിലെ ഈര്‍പ്പത്തില്‍ നിന്നും രക്ഷ നേടാം.


ഗ്ലിസറിന്‍ പഞ്ഞിയില്‍ മുക്കി ഇടക്കിടെ തുടയ്ക്കുന്നതും വര്‍ഷത്തിലൊരിക്കല്‍ പോളിഷ് ചെയ്യുന്നതും മരങ്ങള്‍ കൊണ്ടുള്ള ഫര്‍ണിച്ചറിന്റെ ആയുസ് വര്‍ധിപ്പിക്കും.

തടി കൊണ്ടുള്ള അലങ്കാര വസ്തുക്കളും ഫര്‍ണിച്ചറുകളും ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മാത്രം തുടച്ച് വൃത്തിയാക്കുക. വെള്ളം നനച്ചാലും ഈര്‍പ്പം തങ്ങി നില്‍ക്കാത്ത അസറ്റോണ്‍ മെറ്റീരിയല്‍ ഉപയോഗിച്ചും വൃത്തിയാക്കാം.

Similar News