തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ വീഡിയോ വിവാദത്തില്‍. രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍.) നടപടികള്‍ മൂലം ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനനിടെയാണ് ഞായറാഴ്ച, തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയുടെ ക്ലിപ്പ് വിവാദമായത്. അതില്‍ ബിഎല്‍ഒമാര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും സൂംബ സെഷനില്‍ പങ്കെടുക്കുന്നതും കാണിക്കുന്നുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ബിഎല്‍ഒമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍.
എന്നാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ജോലിയുടെ സമ്മര്‍ദ്ദം കാരണം ബിഎല്‍ഒമാര്‍ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നത്. ജോലി സമ്മര്‍ദ്ദം കാരണം നിരവധി ബിഎല്‍ഒമാരാണ് ഇതുവരെ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ബിഎല്‍ഒ ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് ഏറ്റവും അവസാനത്തേത്. ഇത്തരമൊരു അന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത് സമൂഹത്തിന് എന്ത് സന്ദേശം നല്‍കുമെന്നും ആളുകള്‍ ചോദിക്കുന്നു.
