കലോല്‍സവത്തില്‍ ചരിത്രം കുറിച്ച് സിയ ഫാത്തിമ; ഓണ്‍ലൈനായി മല്‍സരിച്ച് എ ഗ്രേഡ്
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ മല്‍സരത്തില്‍ പങ്കെടുത്ത് വിദ്യാര്‍ഥിനി. വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി അറബിക് പോസ്റ്റര്‍ നിര്‍മണ മല്‍സരത്തില്‍ പങ്കെടുത്ത സിയ ഫാത്തിമ എ ഗ്രേഡ് നേടി.
ജില്ലാ കലോല്‍സവത്തില്‍ നേരിട്ട് പങ്കെടുത്ത് വിജയിച്ച സിയയ്ക്ക് നാലാഴ്ച മുന്‍പാണ് രക്തക്കുഴലുകള്‍ ചുരുങ്ങുന്ന രോഗം സ്ഥിരീകരിച്ചത്. തൃശൂരിലെത്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സിയ തന്റെ അവസ്ഥ വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതി. താന്‍ വലിയ ശാരീരിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്റെ രോഗാവസ്ഥ കണക്കിലെടുത്ത് ഓണ്‍ലൈനിലൂടെ മല്‍സരിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് സിയ ഫാത്തിമ വിദ്യാഭ്യാസമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. പ്രത്യേക അനുമതി ലഭിച്ചതോടെ കാസര്‍കോട് പടന്ന വികെപികെഎച്ച്എംഎം ആര്‍വിഎച്ച്എസ്എസിലെ സിയ ഫാത്തിമ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ മല്‍സരത്തില്‍ പങ്കെടുത്തു. സിയയ്ക്ക് വേണ്ട ചികില്‍സ ഉറപ്പാക്കുമെന്നും സഹായം നല്‍കുമെന്നും മന്ത്രി കെ രാജനും അറിയിച്ചു. സിയ മല്‍സരിക്കുന്നത കാണുന്നതിനായി മന്ത്രിമാരായ കെ രാജനും വി ശിവന്‍കുട്ടിയുമടക്കമുള്ളവരും വേദിയിലുണ്ടായിരുന്നു. മല്‍സരഫലം പുറത്തുവന്നതിന് ശേഷം തനിക്ക് വലിയ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസവകുപ്പിനോടും മന്ത്രിയോടും നന്ദിയുണ്ടെന്നും സിയ ഫാത്തിമ പ്രതികരിച്ചു.
