കട്ടപ്പനയില്‍ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Update: 2025-09-30 09:57 GMT

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ യുവാവിനെ വീടിനുള്ളിലെ കിടക്കയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ശംങ്കിലി മുത്തു സുന്ദരമ്മ ദമ്പതികളുടെ മകന്‍ സോള്‍രാജ് (30) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ നിന്ന് രണ്ടുദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടെ നടത്തിയ കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളിലെ ഷീറ്റിലും നിലത്തും രക്തക്കറയുണ്ട്. മൃതദേഹം ചെരിഞ്ഞ നിലയില്‍ തലക്കടിയില്‍ കൈവെച്ച് കിടക്കുകയായിരുന്നു. സമീപത്ത് മറിഞ്ഞ നിലയില്‍ വെള്ള പെയിന്റ് ബക്കറ്റും കണ്ടെത്തി. മദ്യപിച്ച് ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമുള്ള സ്വഭാവം ഉണ്ടായിരുന്നതിനാല്‍ സോള്‍രാജ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തില്‍ കൊലപാതക സൂചനകള്‍ വ്യക്തമായതായി പോലിസ് അറിയിച്ചു.

ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ്‌മോന്‍, ജര്‍ലിന്‍ വി സ്‌കറിയ, ടി സി മുരുകന്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നുള്ള ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.



Tags: