മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം; പരാതി നല്‍കി യൂത്ത് ലീഗ്
പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയാണ് പെരിന്തല്‍മണ്ണ പോലിസില്‍ പരാതി നല്‍കിയത്
മലപ്പുറം: ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരേ യൂത്ത് ലീഗ് പോലിസില്‍ പരാതി നല്‍കി. പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയാണ് പെരിന്തല്‍മണ്ണ പോലിസില്‍ പരാതി നല്‍കിയത്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എട്ടു മുക്കാലട്ടി വച്ചതുപോലെ എന്നായിരുന്നു പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ചത്. ഇത് സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിരുന്നു.
പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയായിരുന്നു നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്റ് വാര്‍ഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു. ഇതിനിടയിലാണ് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനമുണ്ടെന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെയെന്ന പ്രയോഗം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിനാല്‍ പ്രയോഗം നീക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. അതേസമയം പ്രതിപക്ഷ അംഗത്തിന്റെ ഉയരം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങാണെന്നും പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.