വടക്കഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നീട് തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവര്‍ മുഖം മൂടിയിട്ടതിനാല്‍ ആരാണ് സംഘത്തിലുള്ളവര്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് അജ്ഞാതര്‍ നൗഷാദിനെ കാറില്‍ കയറ്റി കൊണ്ടുപോയത്. വാഗണ്‍ആര്‍ കാറിലെത്തിയ മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. നൗഷാദ് ഒച്ച വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ബഹളം കേട്ട് എത്തിയെങ്കിലും സംഘം ഉടന്‍ കാറില്‍ ഇയാളുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയായ നവക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വടക്കഞ്ചേരി റോളക്‌സ് ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങളുടെ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ പിന്‍വശത്ത് തന്നെയാണ് നൗഷാദിന്റെ വീട്. വടക്കഞ്ചേരി പോലിസ് അന്വേഷണം നടക്കുന്നതിനിടയില്‍ 11 മണിയോടെ മകന്റെ ഫോണിലേക്ക് കോള്‍ വന്നു. താന്‍ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് നൗഷാദ് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നവക്കരയില്‍ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
